പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തം..

മാങ്കുളം: രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തം. നിലവില്‍ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള ഈ പാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച നടന്ന ജനകീയ പ്രക്ഷോഭം പ്രശ്‌നപരിഹാരത്തിനുള്ള വന്‍ജന മുന്നേറ്റമായി മാറി.

1924ലെ വെള്ളപ്പൊക്കത്തിന് ശേഷമായിരുന്നു ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങള്‍ യാത്ര സാധ്യമല്ലാത്ത വിധം തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. യാത്ര തടയപ്പെട്ടു. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്ന് റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനായി വാദിക്കുന്നവര്‍ പറയുന്നു. റോഡ് തുറന്നാല്‍ യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കോതമംഗലത്ത് നിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കീലോമീറ്ററാണ്. എന്നാല്‍ രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ പാതയിലൂടെ 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. 20 കിലോമീറ്റര്‍ ദൂരം യാത്രക്കായി ലാഭിക്കാം. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയം കുട്ടിയില്‍ നിന്നും പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നു പോകുന്നത്. നിലവില്‍ പെരുമ്പന്‍കുത്തില്‍ നിന്നും കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ തടസ്സവാദങ്ങള്‍ നീങ്ങുകയും സഞ്ചാരസ്വാതന്ത്രം അനുവദിക്കപ്പെടുകയും ചെയ്താല്‍ രാജപാത ഇടുക്കിയുടെ വികസനത്തിന് പഴമ പേറുന്ന പുതുവഴിയാകും.

ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നാണ് റോഡിനായി വാദിക്കുന്നവരുടെ ആവശ്യം. പാത തുറന്നാല്‍ മാങ്കുളത്തിന്റെയും മൂന്നാറിന്റെയും വിനോദ സഞ്ചാരമുഖം മാറും. അവഗണിക്കപ്പെട്ട് കിടക്കുന്ന ചരിത്ര യാഥാര്‍ത്ഥ്യമാണ് പഴയ ആലുവ, മൂന്നാര്‍ രാജപാത. ഈ വഴിയിലൂടെയുള്ള യാത്ര സാധ്യമായാല്‍ കേരളത്തിന്റെ തന്നെ വിനോദ സഞ്ചാരമേഖലക്ക് വലിയ കുതിപ്പ് സമ്മാനിക്കും. നിലവില്‍ ആലുവയില്‍ നിന്നും മൂന്നാറിലേക്കുള്ള റോഡ് നിറയെ വളവുകള്‍ നിറഞ്ഞതും ദൂരം കൂടുതലുമാണ്. രാജപാതയില്‍ വളവുകളും കയറ്റങ്ങളും തീരെ കുറവാണ് എന്നതിനൊപ്പം മൂന്നാറിലേക്കുള്ള ദൂരവും കുറക്കും. കാനന ഭംഗി കണ്ടുള്ള യാത്ര വിദേശികളെയടക്കം ആകര്‍ഷിക്കും. നിറയെ വെള്ളച്ചാട്ടങ്ങളും ഗ്രാമീണ കാഴ്ച്ചകളുമൊക്കെ കണ്‍നിറയെ കണ്ട് രാജപാതയിലൂടെ യാത്ര ചെയ്യാം. ഇത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കും.

കാര്‍ഷികഗ്രാമങ്ങള്‍ക്കും ആദിവാസി സങ്കേതങ്ങള്‍ക്കും വികസന വഴിരാജപാതയുടെ നവീകരണം സാധ്യമാകുകയും സഞ്ചാര സ്വാതന്ത്രം അനുവദിക്കപ്പെടുകയും ചെയ്താല്‍ മാങ്കുളവും പൂയംകുട്ടിയും അടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ മുഖഛായ മാറും. കുറത്തികുടിയടക്കമുള്ള ആദിവാസി സങ്കേതങ്ങള്‍ക്കും രാജപാത വികസന വഴിയാകും. ടൂറിസം വികസിക്കുന്നതോടെ ആളുകളുടെ വരുമാനം വര്‍ധിക്കുമെന്നതിനൊപ്പം എറണാകുളമടക്കം മറ്റ് ജില്ലകളുമായി ബന്ധപ്പെടാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴിയായും ഈ പാത മാറും. ചികിത്സാ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും നൂറു കണക്കിനാളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ പുറം ലോകത്തേക്ക് യാത്ര ചെയ്യാനുമാകും.

റെയില്‍വേ, വിമാനത്താവളം തുടങ്ങിയവയുടെ സേവനവും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം. പുതിയ ഊര്‍ജ്ജമായി അവകാശ പ്രഖ്യാപന യാത്രരാജപാത തുറന്ന് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ച നടത്തിയ അവകാശ പ്രഖ്യാപന യാത്ര ഈ വിഷയത്തിലുള്ള പുതിയ ഊര്‍ജ്ജമായി. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിലുള്ള യാത്രയില്‍ കുട്ടമ്പുഴ, കീരംപാറ, മാങ്കുളം പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. വനംവകുപ്പിനെതിരെ മുദ്രാവാക്യങ്ങള്‍ യാത്രയില്‍ നിറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നെത്തിയവര്‍ പൂയംകുട്ടിയില്‍ ഒരുമിച്ച ശേഷമായിരുന്നു പഴയ രാജപാതയിലൂടെ നീങ്ങിയത്. അവകാശ പ്രഖ്യാപന യാത്രയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.

സമരത്തില്‍ മാങ്കുളത്ത് നിന്നു മാത്രം അഞ്ഞൂറില്‍പ്പരം ആളുകള്‍ അണിനിരന്നു. കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പ്രായത്തെ അവഗണിച്ച് യാത്രയുടെ ഭാഗമായി. വനംവകുപ്പിനെതിരെ പ്രതിഷേധംരാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സവാദങ്ങളില്‍ വനം വകുപ്പിനെതിരെയാണ് ഏറ്റവും അധികം പ്രതിഷേധം ഉയരുന്നത്. വനംവകുപ്പിന്റെ തടസ്സവാദങ്ങളും മുടന്തന്‍ ന്യായങ്ങളും നിയമം മറികടന്നുള്ള ഇടപെടലുകളും അവസാനിപ്പിച്ചാല്‍ രാജപാതയിലൂടെ വീണ്ടും സഞ്ചാരസ്വാതന്ത്രം സാധ്യമാക്കമെന്ന് റോഡിനായി മുറവിളി ഉയര്‍ത്തുന്നവര്‍ വാദിക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്നും പ്രളയാനന്തരം യാത്ര നിലച്ചതോടെ വനംവകുപ്പ് ഈ പാത അധീനതയിലാക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമാണ് മറ്റൊരു വാദം.

കോതമംഗലം മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള രാജപാത പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട് കിടക്കുന്നതാണെന്നും റവന്യു രേഖകളില്‍ കൃത്യമായി അതിര്‍ത്തി നിശ്ചയിച്ച് അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതാമെന്നും റോഡിനായി വാദിക്കുന്നവര്‍ പറയുന്നു. നിരന്തരം ആവശ്യമുന്നയിച്ചിട്ടും പരിസ്ഥിതിവാദമുന്നയിച്ച് വനംവകുപ്പ് യാത്ര തടയുന്നുവെന്നാണ് ആളുകളുടെ പരാതി.
