
മാങ്കുളം: കനത്ത മഴയെ തുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ സുകുമാരൻകട പാമ്പുകയും താളുങ്കണ്ടം റോഡിൻ്റെ ഭാഗം തകർന്നു. താളുങ്കണ്ടത്തിന് സമീപം കലുങ്കിനോട് ചേർന്ന ഭാഗത്ത് റോഡ് ഒലിച്ചുപോകുകയാണ് ഉണ്ടായത്. ഇതോടെ റോഡിന് കുറുകെ വലിയ കിടങ്ങ് രൂപംകൊണ്ട നിലയിലായി. ബുധനാഴ്ച്ച രാവിലെ മുതൽ മാങ്കുളം മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. ഈ മഴയിലാണ് റോഡ് ഒലിച്ച് പോയത്. സ്കൂൾ ബസുകളും സ്വകാര്യ ബസും സർവീസ് നടത്തുന്ന റോഡിൻ്റെ ഭാഗമാണ് തകർന്നത്.
ബുധനാഴ്ച്ച രാവിലെ സ്കൂൾ ബസ് കടന്നു പോയി ഏതാനും സമയങ്ങൾക്ക് ശേഷമാണ് റോഡ് തകർന്നത്. പഞ്ചായത്തിലെ എട്ടാം വാർഡ് പരിധിയിൽ വരുന്ന പ്രദേശമാണിവിടം. യാത്ര സാധ്യമല്ലാതായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർ മാങ്കുളം റോഡിൽ പീച്ചാട് തളികത്തിന് സമീപം റോഡിൽ വെള്ളം കയറി. പ്രദേശത്തു കൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്. ഇതോടെ ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ യാത്ര ദുഷ്ക്കരമായി.