സ്ഥല പരിമിതി മൂലം വീര്‍പ്പ് മുട്ടി വെള്ളത്തൂവല്‍ കുടുംബാരോഗ്യ കേന്ദ്രം

അടിമാലി: ദിവസവും നിരവധിയായ ആളുകള്‍ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണ് വെള്ളത്തൂവല്‍ കുടുംബാരോഗ്യ കേന്ദ്രം. മെച്ചപ്പെട്ട സേവനം രോഗികള്‍ക്കിവിടെ നിന്നും ലഭ്യമായി വരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ചികിത്സാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മുമ്പോട്ട് പോകുന്നത്. എന്നാല്‍ ഇവിടെ മതിയാം വിധം സ്ഥലസൗകര്യമില്ലാത്തത് ഈ ചികിത്സാ കേന്ദ്രത്തെ വീര്‍പ്പ് മുട്ടിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കേണ്ടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രതിസന്ധിയാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് വിലങ്ങുതടിയാകുന്നതെന്ന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തംഗം കെ ബി ജോണ്‍സന്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ധാരണയില്‍ എത്തേണ്ടുന്ന വകുപ്പുകള്‍ ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം കൈ കൊള്ളണമെന്നാണാവശ്യം. സാധാരണക്കാരായ ആളുകള്‍ ചികിത്സ തേടുന്ന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യം ഇനിയും വൈകിപ്പിക്കരുതെന്നും ആവശ്യമുയരുന്നു.