
മാങ്കുളം: ജനവാസമേഖലയിൽ കൊക്കോമരത്തിൽ കയറിക്കൂടിയ രാജവെമ്പാലയെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആനക്കുളം സെക്ഷൻ പരിധിയിൽ വരുന്ന ശേവൽകുടി ട്രൈബൽ സെറ്റിൽമെന്റിൽ താമസക്കാരനായ മാട്ടപ്പൻ എന്നയാളുടെ വീടിനു മുമ്പിലുള്ള കൊക്കോ മരത്തിലായിരുന്നു 12 അടി നീളവും ഏകദേശം 15 കിലോ തൂക്കവും ഉള്ള അഞ്ചു വയസ്സിൽ അധികം പ്രായം കണക്കാക്കുന്ന പെൺ രാജവെമ്പാലയെ കണ്ടെത്തിയത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സ്‌നേക് റെസ്ക്യൂവറും ആയ പി .എസ്. മധുകുമാറിന്റെയും, കടലാർ ആർ.ആർ. ടി ടീമിന്റെയും നേതൃത്വത്തിൽ പാമ്പിനെ പിടികൂടി ഉൾക്കാട്ടിൽ തുറന്നു വിട്ടു. രാജവെമ്പാല കൊക്കോ മരത്തിൽ കയറി കൂടിയതോടെ വ്യാഴാഴിച്ച ഉച്ചമുതൽ ട്രൈബൽ കോളനി നിവാസികൾ ഭയപ്പാടിലായിരുന്നു. പാമ്പിനെ പിടികൂടി നീക്കിയതോടെ ഇവരുടെ ഭീതി ഒഴിഞ്ഞു.