റ്റീ കമ്പനിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

അടിമാലി: ബൈസണ്‍വാലി പഞ്ചായത്തിലെ റ്റീ കമ്പനിയില്‍ മൃഗാശുപത്രിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. ബൈസണ്‍വാലി പഞ്ചായത്തിലെ റ്റീ കമ്പനിയില്‍ മൃഗാശുപത്രിക്ക് സമീപം ജനവാസമേഖലയില്‍ പാതയോരത്താണ് പഞ്ചായത്ത് വലിയ തോതില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിട്ടുള്ളത്. ചെറിയ തോതില്‍ മാലിന്യം ശേഖരിച്ച് ശേഖരിച്ച് ഇപ്പോള്‍ മാലിന്യത്തിന്റെ അളവ് വലിയ തോതില്‍ ആയിട്ടുണ്ട്. ഇതാണ് പ്രദേശവാസികള്‍ക്ക് തലവേദനയായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇടപെടല്‍ നടത്തിയിട്ടുള്ളത്.
കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് മിനി എം എസി എഫ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു. മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യത്തോട് പഞ്ചായത്ത് മുഖം തിരിക്കുന്നുവെന്നാണ് സമീപവാസികളുടെ ആക്ഷേപം. ഈ മേഖലയില്‍ നിരവധിയായ കുടുംബങ്ങള്‍ താമസക്കാരായി ഉണ്ട്. ഇടക്ക് മാലിന്യക്കൂനയില്‍ തീപടര്‍ന്നതായും രൂക്ഷമായ പുകയും ദുര്‍ഗന്ധവും പടര്‍ന്നതോടെ കുഞ്ഞുകുട്ടികളടക്കം വീടുകളില്‍ പ്രയാസം അനുഭവിച്ചതായും പരാതി ഉയരുന്നു. വേനല്‍ക്കാലമായതിനാല്‍ ആരെങ്കിലും മാലിന്യത്തില്‍ തീ പടര്‍ത്തിയാല്‍ അത് വലിയ പ്രതിസന്ധിയാകും. മഴ പെയ്യുന്നതോടെ ഈ മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുകിച്ചാടുന്ന സ്ഥിതിയുണ്ടാകുമെന്നും ആക്ഷേപം ഉണ്ട്.