മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസില്‍ നിന്നുള്ള അംഗം മാര്‍ഷ് പീറ്ററിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മാര്‍ഷ് പീറ്റര്‍. മുമ്പ് 2021ല്‍ ഒരു വര്‍ഷം മാര്‍ഷ് പീറ്റര്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 11 വോട്ടും എല്‍ ഡി എഫിന് 8 വോട്ടും ലഭിച്ചു.ടി ഗണേശനായിരുന്നു എല്‍ ഡി എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ 25നാണ് എല്‍ഡിഎഫില്‍നിന്ന് കൂറുമാറി കോണ്‍ഗ്രസിലെത്തി മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ വി ബാലചന്ദ്രനെ തിരഞ്ഞെടുപ്പു കമ്മിഷന് കുറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയത്.
ഇതേ തുടര്‍ന്നാണ് ഇന്ന് പഞ്ചായത്തില്‍ വീണ്ടും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ കോണ്‍ഗ്രസാണ് മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത്. 21 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11, എല്‍ഡിഎഫ് 8 എന്നിങ്ങനെയാണ് അംഗബലം. കൂറുമാറ്റ നിരോധന നിയമപ്രകാരം കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ശേഷം മൂന്നാര്‍ പഞ്ചായത്തില്‍ 4 പേരെയാണു തിരഞ്ഞെടുപ്പു കമ്മിഷന് അയോഗ്യരാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആര്.പ്രവീണ, എം.രാജേന്ദ്രന്, സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ തങ്കമുടി, സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തി വൈസ് പ്രസിഡന്റായ ബാലചന്ദ്രന് എന്നിവരാണ് അയോഗ്യരായത്. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ വരണാധികാരിയായി.