അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കില്‍ എക്‌സിബിഷന്‍ നാളെ നടക്കും

അടിമാലി: അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കില്‍ എക്‌സിബിഷന്‍ നാളെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൃഷ്ടി റ്റുകെ24എന്ന പേരിലാണ് സ്‌കില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.വിവിധ സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നതാണ് എക്‌സിബിഷന്റെ ലക്ഷ്യം. സ്‌കൂളിലെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍,ഓട്ടോ മൊബൈല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നൂതന കണ്ടുപിടുത്തങ്ങളും പോലീസ്, ഫയര്‍ഫോഴ്‌സ്, കെ എസ് ഇ ബി തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കും. എക്‌സിബിഷന്‍ ജില്ലാ കളക്ടര്‍ കെ വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതിക മേഖലയില്‍ ഉപരി പഠന തൊഴില്‍ സാധ്യത മുന്‍നിര്‍ത്തി തുടര്‍ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിവിധ കോളേജുകളുടെ ടെക് കരിയര്‍ ഫെസ്റ്റും എക്‌സിബിഷന്റെ ഭാഗമായി നടക്കും. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നാലായിരത്തോളം ആളുകള്‍ സന്ദര്‍ശകരായി എത്തുമെന്നാണ് പ്രതീക്ഷ. എക്‌സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്‍ എസ് എസ് യൂണിറ്റ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷണശാലകളും ക്രമീകരിക്കും. പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് ശ്വാന പ്രദര്‍ശനവും ഓട്ടോ എക്‌സ്‌പോയും ഒരുക്കിയിട്ടുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം എസ് അജി, എം ഷീബ, രാജേഷ് കെ, അജയ് ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.