കാലിന് പരിക്കേറ്റ ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണമെന്ന് ഗ്രീന്‍കെയര്‍ കേരള

മൂന്നാര്‍: മൂന്നാറില്‍ കാലിന് പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള രംഗത്ത്. കഴിഞ്ഞ മാസം ആദ്യ വാരമാണ് പടയപ്പയുമായുള്ള ഏറ്റുമുട്ടലില്‍ ഒറ്റകൊമ്പന് പരുക്കേറ്റത്. ഇടതു വശത്തെ മുന്‍കാലില്‍ മുറിവ് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അസി. വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. കാലില്‍ 40 സെന്റി മീറ്റര്‍ നീളവും 6 സെന്റി മീറ്റര്‍ വീതിയുമുള്ള മുറിവാണ് ഉള്ളതെന്നും മുറിവ് ഉണങ്ങി തുടങ്ങിയെന്നുമായിരുന്നു വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലെന്നുമായിരുന്നു വിദഗ്ധ സമിതി വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം കല്ലാറില്‍ എത്തിയ ആന മുടന്തിയാണ് നടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള രംഗത്തെത്തിയിട്ടുള്ളത്. വിഷയത്തില്‍ വനംവകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. മുറിവ് പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെ ആര്‍ ആര്‍ ടി സംഘം നിരീക്ഷിക്കുമെന്ന് വനംവകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. മുറിവ് ഉണങ്ങാത്ത സാഹചര്യത്തില്‍ ആനക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്