കല്ലാറിലെ മാലിന്യ പ്ലാന്റിന്റെ പരിസരത്തു നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാട്ടാനകള്‍ ഭക്ഷിക്കുന്നതായി ആരോപണം

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന്റെ പരിസരത്തു നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാട്ടാനകള്‍ കഴിക്കുന്നതായി ആരോപണം. മൂന്നാര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് കല്ലാറിലെ മാലിന്യ പ്ലാന്റില്‍ എത്തിക്കുന്നത്. മാലിന്യ പ്ലാന്റിന്റെ പ്രദേശത്ത് സ്ഥിരമായി തമ്പടിച്ചിട്ടുള്ള കാട്ടാനകളാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പതിവായി തിന്നുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് ഇവയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
പ്ലാന്റിന് മുന്‍പില്‍ തള്ളിയിരുന്ന മാലിന്യത്തില്‍ നിന്നു പടയപ്പ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പതിവായെത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ തിന്നത് മുമ്പ് വിവാദമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാന്റിനു മുന്‍പില്‍ തള്ളിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും കാട്ടാനകള്‍ പ്ലാന്റിന് മുമ്പിലെ മാലിന്യങ്ങളില്‍ നിന്നും തീറ്റതേടിയെത്തുന്നതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അകത്താക്കുന്നതും. കാട്ടാനകള്‍ പ്ലാന്റിന്റെ പരിസരത്തേക്ക് എത്താതിരിക്കാന്‍ പ്രതിരോധവേലി സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഈ ആവശ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം