
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ചു. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്.
യശസ്വി ജയ്‌സ്വാള്‍ (19 പന്തില്‍ 49), ധ്രുവ് ജുറല്‍ (34 പന്തില്‍ 47) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോലി (42 പന്തില്‍ 70), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ആറാം ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു ബംഗളൂരു. ഏഴാം തോൽവി വഴങ്ങിയ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.