
1997ൽ നടന്ന കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാൻ കുമളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.മാരിയപ്പന്റെ സാഹസിക യാത്ര. തേനി ജില്ലയിലെ വരശനാടിനു സമീപം ധര്‍മരാജപുരം സ്വദേശിയായ മഹാദേവന്‍ (48) ആണ് അറസ്റ്റിലായത്. ഭാര്യയും മക്കളുമായി ഒളിവു ജീവിതം നയിച്ചിരുന്ന മഹാദേവനെ വളരെ തന്ത്രപരമായാണ് കുമളി പോലിസ് പിടികൂടിയത്.
മാരിയപ്പന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ വരശനാടില്‍ മാസങ്ങളോളം യാത്രചെയ്തും നിരീക്ഷിച്ചുമാണ് മഹാദേവന്‍ തങ്ങിയിരുന്ന സ്ഥലം കണ്ടെത്തിയത്. പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നതും മൊബൈൽ റേഞ്ച്പോലും ലഭ്യമല്ലാത്തതുമായ ഉൾപ്രദേശമാണ് വരശനാട്. ഇവിടെനിന്ന് പ്രതിയെ കണ്ടെത്തുക അത്ര എളുപ്പമല്ലായിരുന്നു.
വരശനാട്‌നിന്ന് 10 കിലോമീറ്റർ ഉള്ളിലേക്കു മാറി ധർമരാജപുരത്താണ് മഹാദേവൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്നു കണ്ടെത്തി. ഇവിടേക്കു നല്ല റോഡില്ല, ഫോണും വൈദ്യുതിയുമില്ല, ആകെയുള്ളത് ഷീറ്റും ഓലയും മേഞ്ഞ ചെറിയ ചായക്കട മാത്രം.
കുമളിക്ക് സമീപം ചെങ്കര സ്വദേശി ഗണേശന്‍ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവന്‍. കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രര്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവന്‍ സംഭവത്തിനു ശേഷം കടന്നുകളയുകയായിരുന്നു.
ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണം. 1997 ജൂണ്‍ ഏഴിന് വൈകുന്നേരം ഏഴോടെ ചെങ്കര ഭാഗത്തായിരുന്നു കൊലപാതകം. പ്രതികളെല്ലാവരും ചേര്‍ന്ന് ഗണേശനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതാണു കേസ്.
ഇൻസ്‌പെക്ടർ സുജിത് പി എസ്, എസ്‌ഐ അനന്തു, സിപിഒമാരായ സി.പി.രതീഷ്, എം.മാരിയപ്പന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
#statepolicemediacentre #keralapolice