
മൂന്നാര്‍: മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ പകല്‍വീട്, ആധുനീക ശ്മശാനം, അംഗന്‍വാടി, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്.നിരവധി തോട്ടം തൊഴിലാളികളാണ് കുറ്റിയാര്‍വാലിയില്‍ അധിവസിക്കുന്നത്.

ഇവരില്‍ പലരും വാര്‍ധക്യം സഹജമായ അസുഖബാധിതരാണ്. പ്രാഥമിക ചികിത്സക്ക് പോലും ഇവര്‍ക്ക് കുറ്റിയാര്‍വാലിയില്‍ നിന്നും മൂന്നാറിലോ മറ്റിടങ്ങളിലോ എത്തണം.ഇത് തങ്ങള്‍ക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ട് സമ്മാനിക്കുന്നുവെന്ന് കുടുംബങ്ങള്‍ പറയുന്നു.

ചികിത്സാ സൗകര്യത്തിന് പുറമെ പകല്‍വീട്, ആധുനീക ശ്മശാനം, അംഗന്‍വാടി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുമ്പോട്ട് വയ്ക്കുന്നു.2009ലാണ് തൊഴിലാളി കുടുംബങ്ങള്‍ കുറ്റിയാര്‍വാലിയില്‍ താമസം ആരംഭിച്ചത്. എന്നാല്‍ പത്ത് വര്‍ഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ അകലെയെന്നും വീടും സ്ഥലവും അനുവധിച്ചെങ്കിലും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വികരിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.