മദ്യപാനത്തിനിടെ തർക്കം: തമിഴ്‌നാട് കമ്പത്ത് തൃശൂർ സ്വദേശിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കുമളി :മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തമിഴ്‌നാട് കമ്പത്ത് മലയാളി തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന കൂടലൂർ എംജിആർ നഗർ സ്വദേശി ഉദയകുമാറിനെ (39) കമ്പം പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്‌തിരുന്ന കമ്പം സ്വദേശി ശരവണൻ്റെ ഉടമസ്ഥതയിലുള്ള ഗ്രിൽ വർക്ക്ഷോപ്പിൽ ജോലിക്കായാണ് റാഫി തമിഴ്നാട്ടിലെത്തിയത്.
കഴിഞ്ഞ 8ന് രാത്രി റാഫിയും ഉദയകുമാറും ചേർന്ന് മദ്യപിക്കുകയും മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്‌തു. ഇതിൽ പ്രകോപിതനായ ഉദയകുമാർ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിക്കുകയായിരുന്നു. ഇത് കണ്ട ലോഡ്‌ജ് ജീവനക്കാർ ഉടൻ തന്നെ കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എസ്ഐ പാർത്ഥിബന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ റാഫി മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.