പാര്‍ട്ടിയുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രൻ

അടിമാലി: പാര്‍ട്ടിയുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. മൂന്നാറില്‍ നടന്ന എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തു. എം എം മണി എം എല്‍ എ ഉള്‍പ്പെടെയുള്ളവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ എസ് രാജേന്ദ്രന്‍ കണ്‍വന്‍ഷന്‍ വേദിയിലെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എസ് രാജേന്ദ്രനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാന്‍ രാജേന്ദ്രന്‍ തീരുമാനം കൈകൊണ്ടതെന്നാണ് വിവരം.
പാര്‍ട്ടിക്ക് പോറല്‍ വരുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ആളല്ല താനെന്നും തിരഞ്ഞെടുപ്പിലും താന്‍ ആ സമീപനം തന്നെ സ്വീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നിരുന്നു. തൊട്ടു പിന്നാലെ രാജേന്ദ്രന്‍ തന്നെ ഇക്കാര്യം നിഷേധിക്കുകയും അഭ്യൂഹങ്ങള്‍ക്കെതിരെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ താല്‍പര്യമില്ലെന്ന് സൂചിപ്പിച്ച് രാജേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. മറ്റൊരു പാര്‍ട്ടിയിലേക്ക് താന്‍ പോകുമെന്നതിന്റെ സൂചനയല്ല ഇതെന്നും ചില കാര്യങ്ങളില്‍ തനിക്ക് നീതി ലഭ്യമായിട്ടില്ലെന്നുമായിരുന്നു വിഷയത്തില്‍ രാജേന്ദ്രന്റെ പ്രതികരണം.
ഇതിന് ശേഷമാണിപ്പോള്‍ അകല്‍ച്ച അവസാനിപ്പിച്ച് രാജേന്ദ്രന്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വേദിയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയായിരുന്നു എസ് രാജേന്ദ്രന്‍ പാര്‍ട്ടിയുമായി അകന്നത്. പാര്‍ട്ടി പിന്നീട് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ശേഷം ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുള്‍പ്പെടെയുള്ള നേതാക്കളുമായി രാജേന്ദ്രന്‍ പല തവണ വാക്ക് പോരിലൂടെ കൊമ്പ് കോര്‍ത്തിരുന്നു. ദേവികുളം മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എ ആയ ആളാണ് എസ് രാജേന്ദ്രന്‍. മണ്ഡലത്തിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളെന്ന നിലയില്‍ രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നകന്ന് പോകുന്നത് ഗുണം ചെയ്യില്ല എന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ളതായാണ് വിവരം.