
അടിമാലി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു.
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഇ ജി സത്യന് നഗറിലാണ് പുസ്തകോത്സവം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വിനു സ്കറിയ അധ്യക്ഷത വഹിച്ചു.
പുസ്തകോത്സവത്തിലെ ആദ്യ വില്‍പ്പന അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു. ആദ്യകാല പ്രവര്‍ത്തകര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ അനുമോദനമൊരുക്കി. എ രാജ എം എല്‍ എ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇടുക്കിയുടെ എഴുത്ത് വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സാഹിത്യ അക്കാദമി അംഗം മോബിന് മോഹന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കോനാട്ട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങളുടെ പ്രകാശനം പുസ്തകോത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു. നാളെ രാവിലെ സാഹിത്യ ക്വിസ് നടക്കും. വൈകിട്ട് കലാസന്ധ്യ അരങ്ങേറും.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുത്തു