മൂന്നാര്‍ ടൗണില്‍ നടുറോഡില്‍ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ തിരക്കുള്ള സമയത്ത് നടുറോഡില്‍ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. ടൗണ്‍ ജുമാമസ്ജിദ് പരിസരത്തായിരുന്നു തിരക്കുള്ള സമയം രണ്ട് യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ അഭ്യാസപ്രകടനവുമായി എത്തിയത്. ബൈക്കിലെത്തിയ ഇവര്‍ വാഹനം നടുറോഡില്‍ വട്ടംചുറ്റിച്ച് അഭ്യാസ പ്രകടനം നടത്തി. ഈ സമയം റോഡിലൂടെ ഇരുദിശകളിലേക്കും മറ്റ് വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. യുവാക്കളുടെ അഭ്യാസ പ്രകടനം ശ്രദ്ധയില്‍പ്പെട്ടതോടെ ടൗണിലുണ്ടായിരുന്നവര്‍ വിഷയത്തില്‍ ഇടപെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ ഒരാളെ തടഞ്ഞ് നിര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഒരു യുവാവ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
കസ്റ്റഡിയില്‍ എടുത്ത യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഇത് പോലീസ് കോടതിയില്‍ ഹാജരാക്കി. തിരക്കുള്ള സമയമായിരുന്നുവെങ്കിലും അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ വാഹനം മറ്റ് വാഹനങ്ങളില്‍ ഇടിക്കാതിരുന്നത് ആശ്വാസമായി