Latest NewsNational

‘എന്‍ഡിഎയുടേത് ചരിത്ര വിജയം; ബിഹാര്‍ ജനത കൊടുങ്കാറ്റ് സൃഷ്ടിച്ചു; നിതീഷിന്റേത് അതിശയകരമായ നേതൃത്വം’; നരേന്ദ്ര മോദി

ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എന്‍ഡിഎ. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിഹാറിലെ ഗംഭീര വിജയത്തില്‍ ജെപി നദ്ദ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പരിപാടിയില്‍ സംസാരിക്കവേ നദ്ദ പറഞ്ഞു.

ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു. ജന മനസ് എന്‍ഡിഎയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ജംഗിള്‍ രാജ് ബിഹാറില്‍ ഇനി തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ ഇലക്ഷന്‍ സമയത്ത് ജംഗിള്‍ രാജിനെ കുറിച്ച് പറയുമ്പോള്‍ ആര്‍ജെഡി അതിനെ എതിര്‍ത്തിരുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെ അത് അസ്വസ്ഥമാക്കി. വികസിത ബിഹാറിനായാണ് ജനങ്ങള്‍ വോട്ട് ചെയ്തത് – പ്രധാനമന്ത്രി വ്യക്തമാക്കി.

ബിഹാറിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിഹാറിലെ ജനങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും എല്ലാ പാര്‍ട്ടികളെയും അവരുടെ ബൂത്ത് ഏജന്റുമാരെ കൂടുതല്‍ സജീവമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറില്‍ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ശക്തമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നത്തെ വിജയം കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

അടുത്ത 5 വര്‍ഷം ബിഹാര്‍ അതിവേഗം വളരും. ബിഹാറിലെ യുവാക്കള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഒരു ഇത്തിള്‍ കണ്ണി പാര്‍ട്ടി. കൂടെയുള്ള സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത. ബിഹാറില്‍ ആര്‍ജെഡി പരാജയപ്പെട്ടത് കോണ്‍ഗ്രസ് ഒപ്പം ഉള്ളതുകൊണ്ടാണ്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം വരാനുള്ള 5 സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!