സ്‌ട്രോബറിയുടെ വിലയിടിഞ്ഞു ;വട്ടവടയിലെ സ്‌ട്രോബറി കര്‍ഷകർ നിരാശയിൽ

മൂന്നാര്‍: ശീതകാല പച്ചക്കറി കൃഷികള്‍ക്കൊപ്പം വട്ടവടയിലെ കര്‍ഷകരുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്‌ട്രോബറി കൃഷി.മാസങ്ങള്‍ക്ക് മുമ്പ് കൃഷിയിറക്കിയ സ്‌ട്രോബറികളിലെ കായകള്‍ പഴുത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. എന്നാല്‍ ഈ വിളവെടുപ്പ് കാലത്ത് സ്‌ട്രോബറിക്കുണ്ടായിട്ടുള്ള വിലയിടിവ് കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവില്‍ 300 രൂപയാണ് ഒരു കിലോ സ്‌ട്രോബറിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഈ വിലയില്‍ സ്‌ട്രോബറി കൃഷി മുന്നോട്ട് കൊണ്ടു പോകുക പ്രയാസകരമാണെന്ന് കര്‍ഷകര്‍ പറയുന്നു. ജനുവരി മുതല്‍ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളെ മുന്നില്‍ കണ്ടാണിപ്പോള്‍ പല കര്‍ഷകരും സ്‌ട്രോബറി കൃഷി ചെയ്യുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള സഞ്ചാരികളുടെ തിരക്കില്‍ കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.ഇത്തവണ കര്‍ഷകര്‍ക്ക് സ്‌ട്രോബറിയില്‍ നിന്നും മെച്ചപ്പെട്ട വിളവ് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ സ്‌ട്രോബറിക്ക് ആവശ്യക്കാര്‍കുറഞ്ഞത് കര്‍ഷകര്‍ക്ക് വിനയായി. ഇത് വിലയിടിവിന് വഴിയൊരുക്കി.
കര്‍ഷകരില്‍ ചിലര്‍ സ്‌ട്രോബറിയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നു. പല കര്‍ഷകരും കടം വാങ്ങിയും മറ്റുമാണ് മെച്ചപ്പെട്ട വിളവും വിലയും പ്രതീക്ഷിച്ച് സ്‌ട്രോബറി കൃഷിയിറക്കിയിട്ടുള്ളത്. വില ഇനിയും ഇടിഞ്ഞാല്‍ അത് സ്‌ട്രോബറി കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിന് ഇടവരുത്തും.