
മാങ്കുളം: മാങ്കുളത്തിൻ്റെ വികസനത്തിന് സഹായകരമാകുന്ന ആലുവ മൂന്നാർ പഴയ രാജപാത, മലയോര ഹൈവേ എന്നീ റോഡുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടുന്ന തുടർനടപടികളിൽ തീരുമാനം കൈകൊള്ളുന്നതിനായി മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അഡ്വ. എ രാജ എം എൽ എയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ആനന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ ആൻ്റണി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ ജോസ്, മറ്റ് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മലയോര ഹൈവേയുടെ അലൈൻമെൻ്റുമായി ബന്ധപ്പെട്ട വിഷയങ്ങളും രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഇരു പാതകളുടെയും കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പുരോഗതിയും കോടതി വ്യവഹാരങ്ങളുടെ തൽസ്ഥിതിയടക്കമുള്ള കാര്യങ്ങളും വിവിധയാളുകൾ യോഗത്തിൽ അവതരിപ്പിച്ചു. പാതകളുടെ കാര്യത്തിൽ നിയമസഭയിൽ താൻ എടുത്തിട്ടുള്ള നിലപാടുകളും ഇടപെടലുകളും യോഗത്തിൽ എം എൽ എ വ്യക്തമാക്കി. പാതകൾ യാഥാർത്ഥ്യമാക്കുന്നതിനായി ഭരണതലത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എം എൽ എക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇളംബ്ലാശ്ശേരി മുതൽ കുറത്തിക്കുടിവരെയുള്ള ഭാഗത്തെ യാത്രക്കായി നിലനിൽക്കുന്ന തടസ്സം സംബന്ധിച്ചും വനംവകുപ്പിൻ്റെ ഇടപെടൽ സംബന്ധിച്ചുമുള്ള കാര്യങ്ങളും ഇതുവഴിയുള്ള യാത്രാ തടസ്സം നീക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും മറ്റ് ഭരണസംവിധാനങ്ങളെയും സമീപിക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചതായി യോഗശേഷം എം എൽ എ പറഞ്ഞു.