
അടിമാലി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര നടന്നു.
അടിമാലിക്ക് പൂരാവേശം നല്‍കി ക്ഷേത്രത്തില്‍ നടന്നു വരുന്ന ശിവരാത്രി മഹോത്സവം ഏഴ് ദിവസം പിന്നിട്ടു. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറി ഈ മാസം 18നായിരുന്നു ഉത്സവാഘോഷത്തിന് തുടക്കം കുറിച്ചത്. ഈ മാസം 27 വരെ 10 ദിവസം നീളുന്നതാണ് ഉത്സവാഘോഷം. മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് താലപ്പൊലി ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ ദൃശ്യകലകളും വാദ്യമേളങ്ങളും അണി നിരന്നു. ഉത്സവത്തോടനുബന്ധിച്ച് 10 ദിവസവും ക്ഷേത്രത്തില്‍ പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കുന്നുണ്ട്. മഹാശിവരാത്രി ദിവസമായ ഒമ്പതാം ദിവസം ആറാട്ട് മഹോത്സവവും മഹാശിവരാത്രി പൂജയും നടക്കും. പത്താം ദിവസം പിതൃപൂജകളും ബലിതര്‍പ്പണവും നടക്കും. ഉത്സവഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.