KeralaLatest NewsLocal news

കൂടുതൽ മരങ്ങൾ മുറിച്ചോ: സംഘം പരിശോധന നടത്തി…

അടിമാലി : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിലുള്ള വനമേഖലയിൽ നടന്നിട്ടുള്ള മരം മുറി സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനു വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എസ്.മണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നവീകരണ ജോലികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 259 മരങ്ങൾ മുറിച്ചു നീക്കുന്നതിന് 6 മാസം മുൻപ് വനം–എൻഎച്ച്എഐ അധികൃതരുടെ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. മരത്തിന്റെ വില വനംവകുപ്പ് ഈടാക്കിയിരുന്നു.

എന്നാൽ, കാലവർഷം ശക്തമായതോടെ പാതയിലേക്ക് മരങ്ങൾ കടപുഴകി വീഴുന്നത് നിത്യ സംഭവമായി. പരാതികൾ എത്തിയതോടെ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൻ എന്ന നിലയിൽ ജില്ല കലക്ടർ ഇടപെട്ടു വനം– എൻഎച്ച്എഐ അധികൃതരുടെ സംയുക്ത പരിശോധനയിലൂടെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിന് നിർദേശം നൽകി. ഇതു പ്രകാരം സംയുക്ത പരിശോധനയിലൂടെ 658 മരങ്ങൾ കണ്ടെത്തി.

ഇതിൽ പകുതിയോളം മരങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ചു നീക്കി പാതയോരത്തു മുദ്ര പതിപ്പിച്ചു കൂട്ടിയിട്ടിരിക്കുകയാണ്. ഒട്ടേറെ മരങ്ങളാണ് അപകടാവസ്ഥയിൽ ഇനിയുമുള്ളത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ നവീകരണ ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. അനുവദനീയമായതിൽ കൂടുതൽ മരങ്ങൾ മുറിച്ചിട്ടുണ്ടോ എന്നാണു വനംവകുപ്പ് പരിശോധിക്കുന്നതെന്നും വൈകാതെ റിപ്പോർട്ട് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!