ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്തവരാണ് മൂന്നാറുകാര്; ഫിന്‍ലേ കപ്പ് ടൂര്‍ണ്ണമെന്റാവേശത്തിന് അതിരില്ല

മൂന്നാര്‍: ഫുട്‌ബോള്‍ മത്സരങ്ങളോട് വല്ലാത്തൊരു കമ്പമുള്ള നാടാണ് നമ്മുടേത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ ഫുട്‌ബോള്‍ മത്സരത്തെ നെഞ്ചോട് ചേര്‍ത്തവരാണ് മൂന്നാറുകാര്. അങ്ങനെ പറയാന്‍ കാരണവുമുണ്ട്. എട്ടു പതിറ്റാണ്ട് മുമ്പ് ബ്രിട്ടിഷ് ഭരണകാലത്ത് ആരംഭിച്ച ഇന്ന് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഫിന്‍ലേ കപ്പ് ടൂര്‍ണ്ണമെന്റിന് ഇന്നും തോട്ടം മേഖലയില്‍ തെല്ലും ആവേശം കുറഞ്ഞിട്ടില്ല. എഴുപത്താറാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് ഇത്തവണ മൂന്നാറില്‍ പുരോഗമിക്കുന്നത്. പഴയ മൂന്നാറിലെ ടാറ്റ ഫുട്‌ബോള്‍ മൈതാനത്ത് നടക്കുന്ന ടൂര്‍ണ്ണമെന്റ് വൈകാതെ കലാപ്പോരിലേക്ക് കടക്കും. 1941ല്‍ ബ്രിട്ടിഷ് ഉടമസ്ഥതയിലായിരുന്ന ജയിംസ് ഫിന്‍ലേ തേയില കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന ഇ.എച്ച്. ഫ്രാന്‍സിസ് ആണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്.
ആദ്യകാലങ്ങളില്‍ മുപ്പതിലേറെ ടീമുകള്‍ പങ്കെടുക്കുന്ന ഒന്നര മാസം നീളുന്ന ടൂര്‍ണമെന്റായിരുന്നു നടന്നിരുന്നത്. പിന്നീട് കമ്പനികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ടീമുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും വാശിക്കും ആവേശത്തിനും തെല്ലും കുറവില്ല. മൈതാനത്ത് ബൂട്ടണിയുന്നവര്‍ക്ക് മാത്രമല്ല കാണികളുടെ ആവേശവും വാനോളമാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ പ്രതിനിധാനം ചെയ്യുന്ന എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മത്സരം കാണുന്നതിനുവേണ്ടി ഉച്ചക്കുശേഷം അവധി നല്‍കുന്നുവെന്നറിയുമ്പോഴെ മൂന്നാറുകാരുടെ ഫുട്‌ബോള്‍ കമ്പം തിരിച്ചറിയാനാകു. രണ്ടാം ലോകമഹായുദ്ധകാലത്തും കോവിഡ് കാലത്തും മാത്രമാണ് ടൂര്‍ണ്ണമെന്റ് നിര്‍ത്തിവച്ചിട്ടുള്ളത്. ഇത്തവണത്തെ ഫിന്‍ലേ കപ്പ് ടൂര്‍ണ്ണമെന്റ് വിജയികള്‍ ആരെന്നറിയാന്‍ കാത്തിരിപ്പിലാണ് തൊഴിലാളി കുടുംബങ്ങള്‍