വട്ടവടയില്‍ കൃഷിക്കായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതികള്‍ വേണമെന്ന് ആവശ്യം

മൂന്നാര്‍: ശീതകാല പച്ചക്കറികൃഷിയുടെ വിളനിലമായ വട്ടവടയില്‍ വേനല്‍ക്കാലത്തും കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പു വരുത്താന്‍ പദ്ധതി വേണമെന്ന ആവശ്യം ശക്തം. ഡിസംബര്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള കാലയളവില്‍ കൃഷിക്കായി വേണ്ടുന്ന വെള്ളത്തിന്റെ കുറവാണ് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വേനലിന് കാഠിന്യമേറി മണ്ണ് കൂടുതലായി വരളുന്നതോടെ പുതിയ കൃഷി ഇറക്കുന്നത് നീളും. ജലത്തിന്റെ ലഭ്യത കുറവിനൊപ്പം പകല്‍ സമയത്തെ ഉയര്‍ന്ന ചൂട് കൂടിയാകുമ്പോള്‍ കൃഷി വിളകള്‍ കരിഞ്ഞ് തുടങ്ങും.
വേനല്‍ക്കാലത്തും കൃഷിയിടങ്ങളില്‍ ആവശ്യാനുസരണം ജല ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ വട്ടവടയില്‍ യഥാര്‍ത്ഥ്യമാക്കണമെന്നാണ് ആവശ്യം. കൂടുതല്‍ തടയണകളും കനാലുകളും തീര്‍ത്ത് വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പുവരുത്തിയാല്‍ വേനലിലും പച്ചക്കറി യഥേഷ്ടം വിളയിക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ജല ലഭ്യത ഉറപ്പു വരുത്തുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിയെങ്കിലും പിന്നീട് മുമ്പോട്ട് പോക്കുണ്ടായിട്ടില്ല. പഴത്തോട്ടം ഒറ്റമരം മേഖലയില്‍ തടയണ തീര്‍ത്താല്‍ വിവിധയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്നാണ് കര്‍ഷകരുടെ വാദം.
സൂര്യ കാന്തി മുതല്‍ ക്യാരറ്റും ക്യാബേജും ബീന്‍സും സ്‌ട്രോബറിയുമെല്ലാം വട്ടവടയില്‍ കര്‍ഷകര്‍ ധാരാളമായി വിളയിക്കുന്നു. വേനല്‍ക്കാലത്തു കൂടി കര്‍ഷകര്‍ക്ക് വേണ്ട വിധം കൃഷി തുടരാനായാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനാകും.