വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നു

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനത്തില്‍ വീണ്ടും സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.
രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിന്‍കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ട്. കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടത്. എന്നാല്‍ ഇവയുടെ എണ്ണം ലഭ്യമായിട്ടില്ല. നൂറിലധികം വരയാടിന്‍കുഞ്ഞുങ്ങള്‍ മേഖലയില്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20നുശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പില്‍ എണ്ണം കൃത്യമായി അറിയാം. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്തതോടെ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.