
മൂന്നാറിൽ കാട്ടാനശല്യം ഒഴിയുന്നില്ല. മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷനിലിറങ്ങിയ കാട്ടാന നാശം വരുത്തി. കാട്ടുകൊമ്പൻ പടയപ്പയാണ് ഇന്ന് പുലർച്ചെ ടൗണിലിറങ്ങി വഴിയോരക്കടകൾ തകർത്തത്. പഴയ മൂന്നാർ ടൗണിന് സമീപം മൂന്നാർ പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള പാർക്കിനും ആന നാശം വരുത്തി. കാട്ടാന ടൗണിലെത്തിയ സമയം ആളുകൾ ടൗണിലുണ്ടായിരുന്നു. ആനയെ ആളുകൾ ചേർന്ന് തുരത്തി. വിനോദ സഞ്ചാരികൾ കൂടുതലായി മൂന്നാറിലേക്കെത്തുന്ന സമയമാണിതെന്നും ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മുൻകാലങ്ങളിലും പടയപ്പ മൂന്നാർ ടൗണിലെത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പടയപ്പ മദപ്പാടിലായിരുന്നു. ഈ സമയം ആന വലിയ തോതിൽ ജനവാസ മേഖലയിലിറങ്ങി പരാക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആനയിപ്പോൾ മൂന്നാർ ടൗണിലേക്കും എത്തിയിട്ടുള്ളത്.