മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് മിഷന്‍ സോളാര്‍ ഫെന്‍സിംഗ് കൂടുതല്‍ ഫലപ്രദമാക്കാന്‍ വനംവകുപ്പ്

മാങ്കുളം: മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് മിഷന്‍ സോളാര്‍ ഫെന്‍സിംഗ് കൂടുതല്‍ ഫലപ്രദമാക്കാന്‍ വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പത്ത് പദ്ധതികളാണ് ഫലപ്രദമായി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അതിലൊന്നാണ് മിഷന്‍ സോളാര്‍ ഫെന്‍സിംഗ്. പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും ഭാഗീകമായി പ്രവര്‍ത്തിച്ച് വന്നിരുന്നതുമായി സോളാര്‍ ഫെന്‍സിംഗ് ലൈനുകള്‍ തകരാര്‍ പരിഹരിച്ച് മുമ്പോട്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മാങ്കുളത്ത് വനംവകുപ്പ് നടത്തി വരുന്നത്.
സോളാര്‍ ഫെന്‍സിംഗ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ ആനയടക്കം ജനവാസ മേഖലയില്‍ ഇറങ്ങുന്നത് കുറക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായിട്ടാണ് മിഷന്‍ സോളാര്‍ ഫെന്‍സിംഗ് കൂടുതല്‍ ഫലപ്രദമാക്കാനുള്ള നടപടികളുമായി വനംവകുപ്പ് മുമ്പോട്ട് പോകുന്നത്. വനംവകുപ്പിന്റെ മാങ്കുളം ഡിവിഷന് കീഴില്‍ വരുന്ന മാങ്കുളം, ആനക്കുളം റെയിഞ്ചുകളിലായി 35 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിംഗ് പൂര്‍ണ്ണമായും 7.5 കിലോമീറ്റര്‍ ദൂരം ഭാഗീകമായും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി ഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ പറഞ്ഞു.
വിവിധ കോളേജുകളിലെ എന്‍ എസ് എസ് യൂണിറ്റുകളുടെയും മറ്റ് സന്നദ്ധ സേവന സംഘടനകളുടെയും കൂടി സഹകരണത്തോടെയാണ് ഫെന്‍സിംഗ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നിലവിലുള്ള സോളാര്‍ പവര്‍ ഫെന്‍സിംഗുകള്‍ക്ക് സമീപമുള്ള അടിക്കാടുകള്‍ തെളിക്കുന്ന ജോലികള്‍ വനംവകുപ്പ് നടത്തുന്നുണ്ട്. പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന ഫെന്‍സിംഗ് ലൈനുകളുടെ ലൈനുകളും എനര്‍ജൈസര്‍,ബാറ്ററി എന്നിവയും മാറ്റി സ്ഥാപിച്ചാണ് ലൈനുകള്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂടാതെ ലൈനുകള്‍ വാച്ചര്‍മാരും വനംവകുപ്പുദ്യോഗസ്ഥരും പരിശോധിച്ച് കേടുപാടുകള്‍ ഉണ്ടെങ്കില്‍ കാലതാമസമില്ലാതെ അത് പരിഹരിക്കുന്നതിനും വനംവകുപ്പ് മുന്‍കൈയ്യെടുത്തിട്ടുള്ളതായി വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.