പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കറുപ്പസ്വാമി

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൂന്നാര്‍ ഗ്രാംസ്ലാന്‍ഡ് ന്യൂ ഡിവിഷന്‍ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കറുപ്പസ്വാമി. ഇന്നലെ രാത്രി എട്ടരയോടെ കാട്ടുകൊമ്പന്‍ പടയപ്പയുടെ മുമ്പില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാര്യമോര്‍ത്താല്‍ കറുപ്പസ്വാമിക്കിപ്പോഴും ചങ്കിടിപ്പേറും.രാത്രി മൂന്നാറില്‍ നിന്നും ഓട്ടമവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കറുപ്പസ്വാമി ആനയുടെ മുമ്പില്‍പ്പെട്ടത്. റോഡിലെ കൊടും വളവ് ഭാഗത്തായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. തൊട്ടുമുമ്പിലെത്തിയപ്പോള്‍ മാത്രമെ കറുപ്പസ്വാമിക്ക് ആനയെ കാണാന്‍ കഴിഞ്ഞൊള്ളു. രക്ഷപ്പെടാനുള്ള ചിന്തയെത്തും മുമ്പെ പടയപ്പ ഓട്ടോറിക്ഷ സഹിതം തള്ളി താഴ്ച്ചയിലേക്കിട്ടതായും തള്ളിയിട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കറുപ്പസ്വാമി പറഞ്ഞു.
ലയങ്ങള്‍ക്കരികിലേക്കെത്തിയ പടയപ്പയെ ആളുകള്‍ തുരത്തി ഓടിച്ചിരുന്നു.ഈ ഭാഗത്തു നിന്നും പിന്‍വാങ്ങും വഴിയാണ് പടയപ്പയുടെ മുമ്പില്‍ കറുപ്പസ്വാമി അകപ്പെട്ടത്. ആക്രമണത്തില്‍ കറുപ്പസ്വാമിക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമെന്ന് പ്രദേശവാസികളും പറഞ്ഞു. രാപകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ കാട്ടാനപ്പേടിയിലാണ് ഈ പ്രദേശത്ത് കഴിഞ്ഞ് കൂടുന്നത്. കാട്ടാനകളെ ജനവാസമേഖലയില്‍ നിന്നും തുരത്തണമെന്ന ആവശ്യം തൊഴിലാളി കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു.