കാന്തല്ലൂരിനെ കണ്ടറിഞ്ഞത് ആയിരങ്ങള്‍; അഞ്ച് ദിവസം നീണ്ട കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സമാപിച്ചു

കാന്തല്ലൂര്‍ മേഖലയുടെ കാര്‍ഷിക, വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ്വേകി നടന്ന് വന്നിരുന്ന കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സമാപിച്ചു. അഞ്ച് ദിവസങ്ങള്‍ കൊണ്ട് കാന്തല്ലൂരിന്റെ മനോഹര കാഴ്ച്ചകളും തനത് കൃഷിരീതികളും പഴവര്‍ഗ്ഗങ്ങളുടെ രുചിയും തനത് കലാരൂപങ്ങളും കാലാവസ്ഥയുമൊക്കെ ആസ്വദിച്ച് മടങ്ങിയത് ആയിരങ്ങളാണ്. സമാപന ദിവസം നടന്ന സാംസ്‌ക്കാരിക സമ്മേളനം അഡ്വ. എ രാജ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാന്തല്ലൂര്‍ ദീപം എന്ന പേരില്‍ സമാപന സമ്മേളനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉടുമല്‍പേട്ട എം എല്‍ എ കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.
ചടങ്ങില്‍ ഫെസ്റ്റ് ഭാരവാഹികളേയും പ്രതിഭകളേയും ആദരിച്ചു. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ്, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ജ്യോതി, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹന്‍ദാസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മെഗാ ഇവന്റ് അരങ്ങേറി. കാന്തല്ലൂരിന്റെ ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഫെസ്റ്റിലേക്കെത്തുന്നവര്‍ക്ക് കാന്തല്ലൂരിലെ ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാന്‍ അവസരമൊരുക്കിയിരുന്നു. ചലച്ചിത്ര താരങ്ങള്‍ ഒരുക്കിയ മെഗാഷോ, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു. ഫെസ്റ്റ് നഗരിയിലെ പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. വിസ്മയകലാപ്രകടനത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളിയായ ഡോ.ജിതേഷ്ജിയുടെ ജി ഷോ അശോകം വിസ്മയനിശ ഫെസ്റ്റില്‍ അരങ്ങേറിയിരുന്നു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.
ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് തുടക്കം കുറിച്ച ഫെസ്റ്റിലേക്ക് തദ്ദേശിയരും വിനോദ സഞ്ചാരികളും ഒരേ പോലെ ആസ്വാദകരായി എത്തി.