
മൂന്നാര്‍: വേനല്‍കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നു. ദിവസങ്ങളായി ഹൈറേഞ്ച് മേഖല വേനല്മഴക്കായുള്ള കാത്തിരിപ്പിലാണ്. വേനല്‍കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. കല്ലാര്‍കുട്ടി അണക്കെട്ടില്‍ 453അടിയും പൊന്മുടി അണക്കെട്ടില്‍ 694അടിയുമാണ് നിലവിലെ ജലനിരപ്പ്.
ഇടുക്കി, മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം തുടങ്ങി മറ്റണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന് കഴിഞ്ഞു. പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും കൈത്തോടുകളും അരുവികളുമെല്ലാം പൂര്‍ണ്ണമായി വറ്റിയതും പ്രതിസന്ധി ഉയര്‍ത്തുന്നു. പകല്‍ ചൂട് വര്‍ധിച്ചതോടെ ജലാശയങ്ങളില്‍ ബാഷ്പീകരണ തോതും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ കാലവര്‍ഷത്തില്‍ വന്ന കുറവ് അണക്കെട്ടുകളിലെ ജലനിരപ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നീട് തുലാവര്‍ഷം എത്തിയതോടെയായിരുന്നു വലിയ പ്രതിസന്ധി മറികടന്നത്.

വേനല്‍ മഴ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. വേനല്‍ കനക്കുകയും വേനല്‍ മഴ വൈകുകയും ചെയ്താല്‍ ജലനിരപ്പില്‍ വീണ്ടും കുറവ് സംഭവിക്കും. വേനല്‍ കനക്കുന്നതിനെ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി മുമ്പ് പ്രതികരിച്ചിരുന്നു. അണക്കെട്ടുകളിലെ ജലമുപയോഗിച്ച് വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലത്ത് മാത്രമാണിപ്പോള്‍ വൈദ്യുതി ഉത്പാദനം നടത്തുന്നത്. കൊടും ചൂടില്‍ കാര്‍ഷിക മേഖലയും വരണ്ടുണങ്ങുകയാണ്.വേനല്‍ മഴ വൈകിയാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും.