
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ കമ്പിലൈന്‍ മേഖലയില്‍ കാട്ടാന ആക്രമണം. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശവാസികളായ പ്ലാങ്കോട്ടില്‍ സുകുമാരന്‍, കല്ലറക്കല്‍ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഇന്നലെ രാത്രിയില്‍ കാട്ടാനകള്‍ ഇറങ്ങി നാശം വരുത്തിയത്.പ്രദേശത്ത് ഇടക്കിടെ കാട്ടാനകളുടെ ശല്യമുണ്ടാകാറുണ്ട്.ഒരു കൊമ്പനും രണ്ട് പിടിയാനയും ഉള്‍പ്പെട്ട സംഘമായിരുന്നു കൃഷിയിടത്തില്‍ എത്തിയത്.

രാത്രി ഒമ്പതുമണിയോടെ എത്തിയ കാട്ടാനകള്‍ അര്‍ധ രാത്രിയോടെയാണ് മടങ്ങിയത്. കര്‍ഷകരുടെ വാഴയും തെങ്ങും അടക്കമുള്ള കൃഷിവിളകള്‍ക്ക് വലിയ തോതില്‍ കാട്ടാനകള്‍ നാശം വരുത്തി. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതിലൂടെ സംഭവിച്ചത്.

വനംവകുപ്പ് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. കാട്ടാനകള്‍ താല്‍ക്കാലികമായി ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും വീണ്ടും കൃഷിയിടങ്ങളിലേക്കെത്തുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. നേര്യമംഗലം വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് വാളറ കമ്പിലൈന്‍ മേഖല. കാട്ടാനകള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത് തടയാന്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് തീര്‍ക്കണമെന്നും ആവശ്യമുണ്ട്