കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റിനി രണ്ട് നാള്‍ കൂടി; 12ന് ഫെസ്റ്റ് സമാപിക്കും, ജി ഷോ അശോകം വിസ്മയനിശ 11ന്

കാന്തല്ലൂര്‍ മേഖലയുടെ കാര്‍ഷിക, വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ്വേകി നടന്ന് വരുന്ന കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് ഇനി രണ്ട് നാള്‍ കൂടി മാത്രം.12ന് ഫെസ്റ്റ് സമാപിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചൊവ്വാഴ്ച്ച മുതലായിരുന്നു ഫെസ്റ്റിന് തുടക്കം കുറിച്ചത്.
കാന്തല്ലൂരിന്റെ ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റ് നടക്കുന്നത്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാന്തല്ലൂര്‍ മേഖലയുടെ കാര്‍ഷിക, വിനോദ സഞ്ചാര മേഖലക്ക് ഫെസ്റ്റ് ഉണര്‍വ്വേകിയിട്ടുണ്ട്. ഫെസ്റ്റിലേക്കെത്തുന്നവര്‍ക്ക് കാന്തല്ലൂരിലെ ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാം.

ചലച്ചിത്ര താരങ്ങള്‍ ഒരുക്കുന്ന മെഗാഷോ, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് നഗരിയിലെ പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാളെ വൈകിട്ട് വിസ്മയകലാപ്രകടനത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളിയായ ഡോ.ജിതേഷ്ജിയുടെ ജി ഷോ അശോകം വിസ്മയനിശ അരങ്ങേറും.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശിയരും വിനോദ സഞ്ചാരികളും ഒരേ പോലെ ഫെസ്റ്റിലേക്കെത്തുന്നുണ്ട്.