ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി; ഓരോ വര്‍ഷവും പാഴാകുന്നത് ലക്ഷക്കണക്കിന് രൂപയുടെ ചക്ക

അടിമാലി: വേനല്‍മഴ ലഭിച്ചതോടെ ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി. ഓരോ മഴക്കാലത്തും ചക്കമൂപ്പെത്തി പഴുത്ത് നിലത്ത് വീണ് ചീഞ്ഞ് പോകുന്ന കാഴ്ച്ച ഹൈറേഞ്ചുകാര്‍ക്ക് സുപരിചിതമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂപ്പെത്തി വരുന്ന ചക്ക വിലക്കെടുക്കാന്‍ ഹൈറേഞ്ചിലേക്ക് വ്യാപാരികള്‍ എത്തുന്നുവെങ്കിലും ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നതിലും അധികം ചക്ക ഓരോ മഴക്കാലത്തും ഉപയോഗിക്കാതെ വെറുതെ നശിച്ച് പോകുന്നുണ്ട്. പുറംതൊലി മുതല്‍ അകക്കാമ്പ് വരെ ഉപയോഗയോഗ്യമെങ്കിലും കേരളം പ്രതിവര്‍ഷം പാഴാക്കുന്നത് 2,000കോടി രൂപയുടെ ചക്കയെന്നാണ് കണക്ക്. അതേസമയം, തമിഴ്നാട് ചക്ക വിഭവങ്ങള്‍ കേരളത്തിലേക്കുള്‍പ്പെടെ കയറ്റി അയച്ച് സമ്പാദിക്കുന്നത് കോടികളാണ്. ചക്കയില്‍ വരിക്ക ഇനത്തിനുമാത്രമാണ് ഡിമാന്റ്. മറ്റുള്ളവ പ്ലാവിന്‍ ചുവട്ടില്‍ പഴുത്തുവീണ് അഴുകി നശിക്കുന്നു.
ചിപ്‌സും മറ്റുമുണ്ടാക്കി പണമാക്കേണ്ട ചക്കയാണ് ഇങ്ങനെ കളയുന്നത്.പച്ചച്ചക്ക നന്നാക്കി എടുക്കാനുള്ള മടിയാണ് പ്രധാന കാരണം. ചിപ്‌സ് യൂണിറ്റുകള്‍ പോലും ചക്ക നന്നാക്കാന്‍ ആളെക്കിട്ടാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്ന് ചിപ്‌സ് വരുത്തി പായ്ക്ക് ചെയ്താണ് നില്‍പ്പന നടത്തുന്നത്. ഒരുകാലത്ത് നാട്ടിപുറങ്ങളില്‍ പ്രധാന വിഭവമായിരുന്നു ചക്ക. അവിയലായും പുഴുക്കായും പഴമായും എല്ലാ വീട്ടിലും തിളങ്ങനിന്ന ചക്കയെ പുതുതലമുറ പക്ഷേ കൈവിട്ടു.ചക്ക നല്ലൊരു ഔഷധവുമാണ്. പ്രമേഹ രോഗികള്‍ പച്ചച്ചക്ക കഴിച്ചാല്‍ ഇന്‍സുലിന്‍ ഉത്പാദനം മെച്ചപ്പെടും. ചക്കമുള്ള് ഉണക്കി തിളപ്പിച്ചത് ദാഹശമിനിയാക്കുന്നവരുമുണ്ട്. വിശക്കുന്നവയറിന് പശ്ചിമഘട്ട മലനിരകളുടെ വരദാനമായ കേരളത്തിന്റെ ചക്ക പാഴാക്കുന്നത് അജ്ഞത മൂലമാണെന്ന് വിദഗ്തര്‍ പറയുന്നു.