
ബൈസണ്‍വാലി: ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു.കര്‍ണ്ണാടക സ്വദേശിയായ ജീവന്‍ ഗൗഡ ആണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം, ചെമ്മണ്ണാര്‍- ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം, നിയന്ത്രണം നഷട്ടപെട്ട് ബൈസണ്‍വാലി സ്വദേശിയായ പറയന്‍കുഴി ശശിയുടെ വീട്ടിലേയ്ക്ക് ഇടിച്ച കയറുകയായിരുന്നു. ഗ്യാപ് റോഡില്‍ നിന്നുള്ള കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകട ഭാഗത്ത് ആണ് നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ഗൗഡയുടെ മരണം സംഭവിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ വിഗദ്ധ ചികിത്സയ്ക്കയി എറണാകുളത്തേക്ക് കൊണ്ടുപോയി.
വീടിന്റെ മുന്‍ വശത്തെക്കാണ് ട്രാവലര്‍ ഇടിച്ച് കയറിയത്. ഈ സമയം മുന്‍വശത്ത് ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഓടി മാറുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. അപകടം നടന്ന ഉടനെ ഓടി കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.കുത്തനെ ഇറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡില്‍ വാഹനാപകടം നിത്യസംഭവമാണ്.