അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡും പ്രസവ മുറിയും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

അടിമാലി: ബലക്ഷയമുള്ള കാലഹരണപ്പെട്ട കെട്ടിടത്തില്‍നിന്ന് അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രസവ വാര്‍ഡും പ്രസവ മുറിയും സ്റ്റോര്‍ മുറിയും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കാലഹരണപ്പെട്ട കെട്ടിടത്തില്‍നിന്ന് അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രസവ വാര്‍ഡും പ്രസവ മുറിയും സ്റ്റോര്‍ മുറിയും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ ആശുപത്രിയിലെ കാഷ്വല്‍റ്റി ബ്ലോക്കിലെ രണ്ടാം നിലയിലേക്ക് ഇവ മാറ്റുന്ന നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇവ മാറ്റി സ്ഥാപിക്കുന്നതിനായി അടിസ്ഥാന സൗകര്യത്തോടു കൂടിയ കെട്ടിട സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികളും മറ്റും 2 തട്ടിലായതോടെ നീക്കത്തിന് വേഗം കുറഞ്ഞിരുന്നു. കാത്ത് ലാബിനു വേണ്ടി നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന കെട്ടിടത്തിലേക്ക് പ്രസവ മുറി മാറ്റണമെന്ന ആവശ്യവുമായി ചില ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒരു വിഭാഗം രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധവുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രംഗത്തെത്തുകയായിരുന്നു.
കാത്ത് ലാബ് അട്ടിമറിക്കാനുള്ള നീക്കമാണിതിനുപിന്നിലെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പകരമായി പേ വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന പിപി യൂണിറ്റ് അവിടെനിന്ന് മാറ്റി അടിനിലയും ഒന്നാം നിലയും കാഷ്വല്‍റ്റി ബ്ലോക്കിലെ ഒന്നാം നിലയും ഇതിനു വേണ്ടി സജ്ജമാക്കി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിയുമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇതിനുള്ള പണം പൂര്‍ണമായും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. ഇതോടെയാണ് രണ്ടാം നിലയിലേക്ക് പ്രസവ വാര്‍ഡ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
ഇപ്പോള്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ വാര്‍ഡുകള്‍ മൂന്നാം നിലയിലേക്ക് മാറ്റും. ഇതോടൊപ്പം സ്റ്റോര്‍ മുറി ഉദ്ഘാടനം കാത്തു കഴിയുന്ന പുതിയ ബില്‍ഡിങ്ങിലേക്ക് താല്‍ക്കാലികമായി മാറ്റുന്നതിനും നടപടി സ്വീകരിച്ചു വരികയാണ്