
അടിമാലി: എസ് വൈ എസ്് അടിമാലി സോണിന്റെ നേതൃത്വത്തില്‍ ഈ മാസം 13ന് നടക്കുന്ന മദ്ഹു റസൂല്‍ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രചാരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ഉടുമ്പന്നൂരില്‍ നിന്നാരംഭിച്ച യാത്ര വണ്ണപ്പുറത്ത് സമാപിച്ചു. നാളെ കഞ്ഞിക്കുഴി യില്‍ നിന്നാരംഭിക്കുന്ന യാത്ര ഉപ്പുതറയിലും സെപ്തംബര്‍ 11 ന് തൂക്കുപാലത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മൂന്നാറില്‍ സമാപിക്കും.
സെപ്തംബര്‍ 12 ന് ആനച്ചാലില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വാളറയിലും സെപ്തംബര്‍ 13ന് വെള്ളത്തൂവലില്‍ നിന്ന് തുടങ്ങുന്ന യാത്ര അടിമാലിയിലും എത്തിച്ചേരും. വിവിധ കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാ അത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ, സോണ്‍, യൂണിറ്റ് നേതാക്കള്‍ സംസാരിക്കും. സെപ്തംബര്‍ 13ന് അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് മദ്ഹു റസൂല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. കെ എച്ച് എം യൂസുഫ് മൗലവി പതാക ഉയര്‍ത്തും.
സയ്യിദ് സുല്ഫുദ്ധീന് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇടുക്കി ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ബാഖവി അധ്യക്ഷത വഹിക്കും. സമ്മേളനം മുസ്ലിം ജമാ അത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരിം സഖാഫി ഉദ്ഘാടനം ചെയ്യും. റാഫി അഹ്സനി കാന്തപുരം മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും. കെ എം സുബൈര്‍ അഹ്സനി അനുമോദന പ്രസംഗവും അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അവാര്‍ഡ് വിതരണവും നിര്‍വ്വഹിക്കും. അടിമാലി ടൗണ്‍ ചീഫ് ഇമാം മുഹമ്മദ് ശരീഫ് അല്‍ അര്‍ഷദി ആമുഖ പ്രഭാഷണം നടത്തുമെന്നും സി.പി.മുഹമ്മദ് മുസ്തഫ അഹ്സനി, സല് സബീന്‍, ബഷീര്‍ പെരിങ്ങാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.