
അടിമാലി: ഹൈറേഞ്ചില്‍ കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടിക്കൊടുക്കാതെ കുതിക്കുകയാണ് ഇറച്ചിക്കോഴിയുടെ വില. ദിവസവും കോഴിയിറച്ചിക്ക് വില വര്‍ധിക്കുന്ന സാഹചര്യമുണ്ട്. അടിമാലി മേഖലയില്‍ നൂറ്റെണ്‍പതിനടുത്താണ് കോഴി വില. കഴിഞ്ഞ ഒരു മാസത്തിനകം സംസ്ഥാനത്ത് കോഴിവിലയില്‍ 40 രൂപക്കടുത്ത് വര്‍ധനവാണുണ്ടായത്.
2023 ഡിസംബറില്‍ ഇറച്ചിക്കോഴിക്ക് 100 രൂപയില്‍ താഴെയായിരുന്നു വില. കഠിനമായ വേനല്‍മൂലം ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ പ്രധാന കാരണം. ചൂട് കടുത്തതോടെ കര്‍ഷകര്‍ കോഴി വളര്‍ത്തല്‍ താത്കാലികമായി നിര്‍ത്തി. കേരളം, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ലഭ്യത കുറഞ്ഞു. പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നുമാണ് വില്‍പ്പനക്കായി ഹൈറേഞ്ചിലേക്കടക്കം ഇറച്ചിക്കോഴി എത്തുന്നത്. കേരളത്തിലെ ചില ഫാമുകളില്‍ നിന്നും വില്‍പ്പനക്കായി വ്യാപാരികള്‍ കോഴി വാങ്ങുന്നുണ്ട്. വില കുത്തനെ ഉയര്‍ന്നതോടെ തീന്‍ മേശകളില്‍ കോഴി വിഭവങ്ങള്‍ നിരക്കണമെങ്കില്‍ ആളുകള്‍ അധിക തുക മുടക്കേണ്ടി വരുന്നു.
ഹോട്ടല്‍ മേഖലക്കും കോഴിയിറച്ചി വില ഉയര്‍ന്നത് തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളില്‍ കോഴിവിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. അതേ സമയം വില വര്‍ധനവ് നിയന്ത്രിക്കേണ്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതി ആളുകള്‍ പങ്ക് വയ്ക്കുന്നു.