Latest NewsNationalSports

ലോകകപ്പ് നേട്ടം; താരങ്ങളെ നേരില്‍ കാണാന്‍ പ്രധാനമന്ത്രി; കൂടിക്കാഴ്ച നാളെ

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025ല്‍ തിളക്കമാര്‍ന്ന വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കാണും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും സ്വീകരണം. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ക്ഷണം ടീമിന് ലഭിച്ചു.

ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ ഗംഭീര വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച കഴിവും ആത്മവിശ്വാസവും കൊണ്ട് അടയാളപ്പെടുത്തി. ടൂര്‍ണമെന്റിലുടനീളം ടീം അസാധാരണമായ ഒത്തൊരുമയും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. നമ്മുടെ കളിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ചരിത്രവിജയം ഭാവിയിലെ ചാമ്പ്യന്മാര്‍ക്ക് കായികരംഗത്തേക്ക് വരാന്‍ പ്രചോദനമാകും – എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

ടീമിന് 51 കോടി രൂപ സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റ് ജേതാക്കളയതില്‍ ഐസിസിയില്‍ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!