
അടിമാലി: അടിമാലിയില്‍ വ്യാപാരിയെ വെട്ടിലാക്കി കേരളബാങ്കിന്റെ ജപ്തി നടപടി. അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് അക്ബര്‍ ബനാന മര്‍ച്ചന്റ് എന്ന വാഴക്കുലകളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയത്. ജപ്തി നടപടികള്‍ പിന്നീട് വലിയ പ്രതിഷേധത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിതെളിച്ചു. മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്ന് സ്ഥലം വാടകക്കെടുത്ത് സ്ഥാപനം നിര്‍മ്മിച്ചായിരുന്നു അക്ബര്‍ വ്യാപാരം നടത്തിവന്നിരുന്നത്. അക്ബറിന് ബാങ്കുമായി ഇടപാടില്ലെങ്കിലും മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുള്ള കുടിശ്ശിഖ ഈടാക്കുന്നതിന് വേണ്ടിയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നതെന്നാണ് വിവരം.
പോലീസ് സംരക്ഷണത്തില്‍ ബാങ്കധികൃതര്‍ ജപ്തിനടപടികള്‍ക്കെതിയ സമയം കടക്കുള്ളില്‍ വിഷു വിപണി മുമ്പില്‍ കണ്ടെത്തിച്ച വലിയ തുകയുടെ വാഴക്കുലകളും പഴക്കുലകളും സൂക്ഷിച്ചിരുന്നു. ജപ്തിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കടക്കുള്ളിലെ സ്റ്റോക്ക് പോലും നീക്കാന്‍ അവസരം നല്‍കാതെയാണ് ബാങ്കധികൃതര്‍ സ്ഥാപനം പൂട്ടിയതെന്നുമുള്ള ആക്ഷേപം സ്ഥാപന ഉടമ മുമ്പോട്ട് വയ്ക്കുന്നു. ജപ്തി നടപടികള്‍ക്കായി ബാങ്ക് അധികൃതര്‍ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരി സംഘടനാ ഭാരവാഹികളും സ്ഥാപനത്തിലെത്തി. ഇതിനിടെ സ്ഥാപന ഉടമ അക്ബര്‍ കുഴഞ്ഞ് വീണു. പോലീസ് അക്ബറിനെ ആശുപത്രിയിലേക്ക് മാറ്റി.
ജപ്തി ചെയ്ത സ്ഥാപനത്തിനുള്ളില്‍ ഇരിക്കുന്ന വാഴക്കുലകള്‍ പഴുത്ത് ചീഞ്ഞ് നശിച്ചാല്‍ തനിക്ക് വലിയ തുകയുടെ നഷ്ടം സംഭവിക്കുമെന്ന് അക്ബര്‍ പറയുന്നു. വിഷയത്തില്‍ അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പഴക്കുലകള്‍ പോലും നീക്കാന്‍ സാവകാശം നല്‍കാതെയുള്ള ബാങ്കിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരി സംഘടനയുടെ നിലപാട്.