ഗ്യാപ്പ് റോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ : രാത്രി യാത്രക്ക് ഈ മാസം 30 വരെ നിയന്ത്രണം

മൂന്നാര്‍: മഴക്കാലമായാല്‍ വലിയ ഭീതിയിലാണ് കൊച്ചി ധനുഷ്കൊടി ദേശീയപാത കടന്നുപോകുന്ന ഗ്യാപ് റോഡിലൂടെയുള്ള യാത്ര. കാലവര്‍ഷം ആരംഭിച്ച് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി മഴ ശക്തമായി പെയ്തതോടെ ഗ്യാപ് റോഡ് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ദേശീയപാതക്കായി മണ്ണെടുത്തിരിക്കുന്ന പല ഭാഗത്തും പുതിയതായി ഉറവച്ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മണ്തിട്ടയായ ഭാഗങ്ങളിലെ ഉറവച്ചാലുകളില് നീരൊഴുക്കും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യമാണ്. ഇത് മണ്ണിടിച്ചില്‍ ഭീഷണിയും ഉയര്‍ത്തുന്നു.
ഇത്തവണ മഴ ആരംഭിച്ച ഘട്ടത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്ന് വീണിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി ജില്ലാ കളക്ടര്‍ നിരോധിക്കുകയും ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്തതോടെ നിരോധനം പിന്‍വലിക്കുകയും ചെയ്തു. നിലവില്‍ ദിവസ്സേന ആയിരക്കണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രിയാത്രക്ക് ഈ മാസം 30 വരെ ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി.