8 മാസം പ്രായമുളള കുഞ്ഞ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്നു

മാങ്കുളം: എട്ട് മാസം മാത്രം പ്രായമുളള കുഞ്ഞിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രകക്രിയക്കായി കുടുംബം ചികിത്സാ സഹായം തേടുന്നു. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി വേണ്ടി വരുന്നത്. മാങ്കുളം ആനക്കുളം സ്വദേശികളായ ഇറക്കത്തില്‍ റോജന്‍ അശ്വതി ദമ്പതികളാണ് തങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ കരള്‍ മാറ്റിവെക്കലിനായി സുമനസ്സുകളുടെ സഹായം തേടുന്നത്.
ബിലിയറി അട്രീസിയ എന്ന അപൂര്‍വ്വ രോഗവുമായാണ് എട്ട് മാസം പ്രായമുളള എഡ്വിന്‍ ജനിച്ചത്. കരളില്‍ നിന്നും പിത്തരസം പുറത്തേക്ക് ഒഴുകുന്നതിന് തടസ്സം നേരിടുന്ന ജന്മനാലുണ്ടാകുന്ന രോഗാവസ്ഥ. പിത്തരസം ഒഴുകുന്ന നാളിയിലെ തടസ്സം ശസ്ത്രക്രിയയിലുടെ മാറ്റിയെങ്കിലും, ഇതിനോടകം കരളില്‍ അടിഞ്ഞ പിത്തരസം വില്ലനായി. കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരള്‍ നല്‍കാന്‍ അമ്മ അശ്വതി തയ്യാറാണ്. പക്ഷെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് സഹായം വേണം.
കൂലി പണിയിലൂടെ ഉപജിവനം നടത്തുന്ന റോജന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിനുളളത്. ഭാര്യയും, രണ്ട് മക്കളും,മാതാപിതാക്കളും അടങ്ങുന്നതാണ് റോജന്റെ കുടുംബം. കുഞ്ഞനുജന്‍ രോഗം ഭേദമായി വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് 9കാരനായ ജ്യേഷ്ഠന്‍ എല്‍ബിന്‍. കുടുംബത്തെ സഹായിക്കാനായി മാങ്കുളം പഞ്ചായത്തംഗം സവിത റോയിയുടെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
സുമനസ്സുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ മാങ്കുളം ശാഖയില്‍ തുറന്നിട്ടുള്ള 22180100068034 എന്ന അക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്.8547685944 എന്ന ഗൂഗിള്‍ പേ നമ്പര്‍ വഴിയും പണം നിക്ഷേപിക്കാം