അനുവാദമില്ലാതെ ഗാനങ്ങളെടുത്തു; നഷ്ടപരിഹാരമായി 5 കോടി, ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്

അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. ചിത്രത്തിൽ അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ഉപയോഗിച്ചു എന്നാണ് പരാതി. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം മുന്‍വിധികളെ എല്ലാം മാറ്റിമറിച്ചുള്ള ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. അജിത്തിന്‍റെ മുന്‍ ചിത്രം വിഡാമുയര്‍ച്ചി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ ലൈഫ് ടൈം കളക്ഷന്‍ 136 കോടിയാണ് നേടിയത്. ഈ കളക്ഷനെ ഗുഡ് ബാഡ് ആഗ്ലി നാലു ദിവസത്തില്‍ മറികടന്നുവെന്നാണ് ട്രാക്കറായ സാക്നില്‍.കോം പറയുന്നത്. സാക്മില്‍കിന്‍റെ കണക്ക് പ്രകാരം തമിഴ് പുത്താണ്ട്, വിഷു പോലുള്ള അവധികള്‍ നിലനില്‍ക്കുന്ന തിങ്കളാഴ്ച ചിത്രം 15 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ മാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 101. 30 കോടിയായി.