രാജപാത വിഷയത്തിലെ അവകാശ പ്രഖ്യാപന യാത്ര; കേസുകളുമായി മുമ്പോട്ട് പോകേണ്ടെന്ന് ഉന്നതതല യോഗ തീരുമാനം

മാങ്കുളം: ആലുവ മൂന്നാര്‍ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 16ന് പൂയംകുട്ടിയില്‍ നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കെതിരെയും പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും പുരോഹിതര്‍ക്കെതിരെയും വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത വനംവകുപ്പിന്റെയും പോലീസിന്റെയും നടപടിക്കെതിരെ മുമ്പ് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.

പഴയ ആലുവ മൂന്നാര്‍ റോഡ് തുറന്ന് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ മാസം 16ന് സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ അവകാശ പ്രഖ്യാപന യാത്ര നടത്തിയത്. കുട്ടമ്പുഴ, കീരംപാറ, മാങ്കുളം പഞ്ചായത്തുകളില്‍ നിന്നെത്തിയവര്‍ പൂയംകുട്ടിയില്‍ ഒരുമിച്ചശേഷമായിരുന്നു സമരപ്രഖ്യാപനവുമായി പഴയ രാജപാതയിലൂടെ നീങ്ങിയത്.
ഈ സമരത്തിന് പിന്നാലെ എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ആന്റണി ജോണ്‍ എം എല്‍ എ, കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പുരോഹിതര്‍ എന്നിവര്‍ക്കെതിരെ വനംവകുപ്പും വനംവകുപ്പിന്റെ പരാതിയില്‍ പോലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്നും വനംവകുപ്പിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്് പിന്‍വലിക്കാനുമാണ് ഉന്നതതല യോഗത്തില്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍, കോതമംഗലം രൂപതാ പ്രതിനിധി ഫാ. അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, ഡി സി എഫ് എം. വി. ജി. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ആലുവ മൂന്നാര്‍ രാജപാത സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രനെ യോഗം ചുമതലപ്പെടുത്തിയതായും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതായി പുറത്തു വന്ന പ്രസിദ്ധീകരണ കുറിപ്പില്‍ പറയുന്നു.