Latest News

പെരുമ്പന്‍കുത്ത് ആറാം മൈല്‍ അന്‍പതാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു

അടിമാലി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുടങ്ങിക്കിടന്നിരുന്ന മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാം മൈല്‍ അന്‍പതാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു. പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് 2018ലെ പ്രളയകാലത്തായിരുന്നു തകര്‍ന്നത്. പിന്നീട് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു.

270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും കരാറുകാരന്‍ പണികള്‍ പാതി വഴിയില്‍ നിര്‍ത്തി. ഇതോടെ നാട്ടുകാര്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണമാരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പണികള്‍ പൂര്‍ത്തീകരിക്കാതെ വന്നതോടെ പ്രതിഷേധവുമയര്‍ന്നു. പ്രതിഷേധങ്ങല്‍ക്കും മാധ്യമ വാര്‍ത്തകള്‍ക്കുമൊടുവിലാണ് മുടങ്ങിക്കിടന്നിരുന്ന റോഡിന്റെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു.

മുമ്പ്‌റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. ടാറിംഗ് ജോലികളും ഓടകളുടെയും മറ്റും നിര്‍മ്മാണ ജോലികളും ചിലയിടങ്ങളില്‍ ടൈല്‍ വിരിക്കേണ്ട ജോലികളുമാണ് അവശേഷിക്കുന്നത്.
പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്‌കൂളിലേക്കുള്ള ഏക റോഡ് കൂടിയാണിത്. കാല്‍നടയാത്ര പോലും ദുസഹമായ റോഡിലൂടെയാണ് നിലവില്‍ ആളുകള്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ പുറം ലോകത്തേക്ക് യാത്ര ചെയ്യുന്നത്. വൈകാതെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!