KeralaLatest NewsLocal news

ആശാവർക്കേഴ്സിന്റെയും CPO റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു; ഇന്ന് റീത്ത് വെച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സിന്റെയും വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ രണ്ടുദിവസം കൂടി മാത്രം ബാക്കി നിൽക്കെയാണ് വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നത്. സമരാവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇനി അനുകൂല നിലപാട് സമരക്കാർ പ്രതീക്ഷിക്കുന്നില്ല.

അവസാന ദിവസം വരെ സമരം തുടരാനാണ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. ഇന്ന് 11 മണിക്ക് റീത്ത് വെച്ച് പ്രതിഷേധിക്കും. 570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

അതേസമയം ആശ വർക്കർമാരുടെ സമരത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സമരം ഒത്തുതീർപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന ആവശ്യത്തിൽ ഇടപെടാതെ ഹർജി തീർപ്പാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻപാകെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. ആശാവർക്കേഴ്സിന്റെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 67-ാം ദിവസത്തിലാണ്. നിരാഹാര സമരം 29-ാം ദിവസവും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!