ടെയ്ക്ക് എ ബ്രേക്ക് പദ്ധതികള്‍; മാതൃകാ പ്രവര്‍ത്തനങ്ങളുമായി പള്ളിവാസല്‍ പഞ്ചായത്ത്

മൂന്നാര്‍: മൂന്നാറിന്റെ പ്രവേശന കവാടമാണ് പള്ളിവാസല്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ തീര്‍ത്തിട്ടുള്ള ടെയ്ക്ക് എ ബ്രേക്ക് പദ്ധതികള്‍ രൂപകല്‍പ്പന കൊണ്ട് ഏറെ വ്യത്യസ്തമാണ്. മൂന്നാറിന്റെ പ്രവേശനകവാടമായതിനാല്‍ വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കിയ സ്ഥലവും അവയുടെ രൂപ കല്‍പ്പനയും പഞ്ചായത്ത് തിരഞ്ഞെടുത്തത്. 4 ടെയ്ക് എ ബ്രേക്ക് പദ്ധതികള്‍ക്കാണ് പഞ്ചായത്ത് മുന്‍കൈയ്യെടുത്തിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന സജ്ജമാണ്. ഒരെണ്ണം നിര്‍മ്മാണ പൂര്‍ത്തീകരണം കഴിഞ്ഞ് പ്രവര്‍ത്തനസജ്ജമാകാന്‍ ഒരുങ്ങുന്നു. മറ്റൊരെണ്ണത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
ടെയ്ക്ക് എ ബ്രേക്ക് പദ്ധതികള്‍ മികച്ച രീതിയില്‍ മുമ്പോട്ട് പോകുമ്പോള്‍ പഞ്ചായത്തിന്റെ തനത് വരുമാനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ 8 മുതല്‍ 13 വരെ നടന്ന നാഷണല്‍ കോണ്‍ക്ലേവില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകയില്‍ ടെയ്ക്ക് എ ബ്രേക്ക് നിര്‍മ്മിച്ച പഞ്ചായത്ത് എന്ന നിലയില്‍ അംഗീകാരം ലഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. കെ എസ് ആര് ടി സി ലോ ഫ്ലോര്‍ ബസിന്റെ മാതൃകയില്‍ രണ്ടാംമൈലില്‍ പണികഴിപ്പിച്ചിട്ടുള്ള വിശ്രമ കേന്ദ്രമാണ് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ശുചിത്വ മിഷന്റെ ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചായിരുന്നു ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. മൂന്നാറില്‍ മുമ്പോടിയിരുന്ന പഴയ തീവണ്ടിയുടെ മാതൃകയിലാണ് കരടിപ്പാറ വ്യൂപോയിന്റില്‍ മറ്റൊരു കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.
കഫേ, ശുചിമുറികള്‍ എന്നിവക്കൊപ്പം വാച്ച് ടവറും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. പോതമേട്ടില്‍ കോട്ടയുടെ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള വിശ്രമ കേന്ദ്രം വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. കോട്ടപ്പാറയില്‍ ലൈറ്റ് ഹൗസ് മാതൃകയില്‍ പണി കഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ തനത് ഫണ്ട്, പ്ലാന്‍ ഫണ്ട്, ശുചിത്വമിഷന്റെ ഫണ്ട് എന്നിവയൊക്കെ വിനിയോഗിച്ചാണ് ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്.