ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം

അടിമാലി: ഭിന്നശേഷികുട്ടികള്‍ക്കായി അടിമാലിയില്‍ പണികഴിപ്പിച്ച ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. അടിമാലി ബി ആര്‍ സിക്ക് കീഴിലുള്ള ഓട്ടിസം സെന്ററിന്റെ ഭാഗമായിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഭിന്നശേഷികുട്ടികളുടെ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ മുറ്റത്ത് ഓട്ടിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അടിമാലി ബി ആര്‍ സിക്ക് കീഴില്‍ വരുന്ന വിവിധ ഇടങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ ഈ സെന്ററില്‍ എത്തുന്നു.സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്തായിരുന്നു പഴയ കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതും പത്ത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് കെട്ടിടം പണികഴിപ്പിച്ചതും.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയതായി നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ വയറിംഗ് ജോലികളും വരാന്തയില്‍ കൈവിരികള്‍ സ്ഥാപിക്കുന്ന ജോലികളും അവശേഷിക്കുന്നുണ്ട്. 32ഓളം കുട്ടികളാണ് ഈ ഓട്ടിസം സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ദിവസവും പത്തിലധികം കുട്ടികള്‍ സെന്ററില്‍ എത്തുന്നു. കുട്ടികള്‍ക്ക് വേണ്ടുന്ന പരിശീലനം നല്‍കുന്നതിനൊപ്പം പരിശീലനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും സൂക്ഷിക്കേണ്ടതായി ഉണ്ട്. നിലവിലുള്ള കെട്ടിടത്തില്‍ ഇതിനൊക്കെയും സ്ഥലപരിമിതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പണികഴിപ്പിച്ച പുതിയ കെട്ടിടം കൂടി വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.