മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ കോടതി ഇടപെടല്‍

മൂന്നാര്‍: മൂന്നാറിന് അനുവദിച്ച മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയുടെ നിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയുടെ കൈമാറ്റം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ ഹൈക്കോടതി ഇടപെടല്‍. പദ്ധതി നഷ്ടമാകാതിരിക്കാന്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ആശുപത്രി മൂന്നാറിന് നഷ്ടമാകുമെന്ന് കണ്ട് സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള 5 ഏക്കര്‍ റവന്യു ഭൂമിയാണ് പദ്ധതിക്കായി അനുവദിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണമാരംഭിക്കണമെന്നും അല്ലാത്തപക്ഷം ഭൂമി കൈമാറ്റ നടപടികള്‍ റദ്ദാക്കുമെന്നുമായിരുന്നു 2024 ഏപ്രിലിലെ കരാറിലുണ്ടായിരുന്നത്. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഭൂമി ഏറ്റെടു ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഒരു നടപടിയുമാരംഭിച്ചിട്ടില്ല. ഇതോടെയാണ് സ്‌പെഷ്യല്‍റ്റി ആശുപത്രി മൂന്നാറിന് നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നത്. ഈ സാഹചര്യത്തിലായിരുന്നു സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികള്‍ വിഷയത്തില്‍ കോടതിയെ സമീപിച്ചതും പദ്ധതി നഷ്ടമാകാതിരിക്കാന്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടതും.
78.25 കോടി രൂപ ചെലവിട്ട് ആശുപത്രി നിര്‍മിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം. കിഫ്ബിയുടെ സഹകരണത്തോടെ ആശുപത്രി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പദ്ധതിക്ക് ഗവര്‍ണറുടെ അനുമതിയും ലഭിച്ചിരുന്നു.തോട്ടം, ആദിവാസി മേഖലകളുള്‍പ്പെടുന്ന മൂന്നാര്‍ മേഖലയില്‍ പതിറ്റാണ്ടുകളായി ചികിത്സാ സൗകര്യമില്ല. നിലവില്‍ കോട്ടയം, കൊച്ചി, തേനി എന്നിവിടങ്ങളിലെത്തിയാണ് മേഖലയി ലുള്ള രോഗികള്‍ വിദഗ്ഗചികിത്സ ലഭ്യമാക്കുന്നത്.