നേഴ്‌സിന്റെ അഭാവം; മാങ്കുളത്ത് പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

മാങ്കുളം: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ കമ്മ്യൂണിറ്റി നേഴ്‌സിന്റെ നിയമനം വൈകുന്നത് പ്രതിഷേധത്തിന് ഇടവരുത്തുന്നു. നിലവില്‍ ഉണ്ടായിരുന്ന നേഴ്‌സ് പോയതോടെയാണ് ഒഴിവ് വന്നത്. അഞ്ച് മാസത്തോളമായി നേഴ്‌സില്ലാതെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റികിടക്കുന്നുവെന്നാണ് ആക്ഷേപം. നേഴ്‌സിന്റെ നിയമനം നടത്തേണ്ടുന്ന ചുമതല ഗ്രാമപഞ്ചായത്തിനാണ്. മാസങ്ങളായി നേഴ്‌സിന്റെ നിയമനം നടക്കാതെ വന്നതോടെ പഞ്ചായത്ത് പരിധിയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളും താളം തെറ്റി.
13 ആദിവാസി കുടികള്‍ ഉള്‍പ്പെടെ മാങ്കുളം പഞ്ചായത്ത് പരിധിയില്‍ ഉണ്ട്. ഇവിടങ്ങളിലൊക്കെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സേവനം ലഭിച്ച് പോന്നിരുന്നു. പദ്ധതി താളം തെറ്റിയതോടെ കിടപ്പ് രോഗികളും രോഗികളുടെ ബന്ധുക്കളും ഗൃഹ കേന്ദ്രീകരണ പരിചരണം ലഭിക്കാതെ ബുദ്ധിമുട്ടിലായി. മാങ്കുളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ഉള്‍മേഖലകളിലേക്കൊക്കെയും യാത്രാ സൗകര്യം കുറവാണ്. പാലിയേറ്റീവ് നേഴ്‌സിന്റെ സേവനം കിടപ്പ് രോഗികളുടെ ബന്ധുക്കള്‍ക്ക് ഏറെ സഹായകരമായിരുന്നു.
പദ്ധതി താളം തെറ്റിയതോടെ രോഗീ പരിചരണത്തിന് ഇവര്‍ ഏറെ പ്രയാസം അനുഭവിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഇടപെടല്‍ നടത്തുകയും നേഴ്‌സിന്റെ സേവനം ഏറ്റവും വേഗത്തിലാക്കുകയും വേണമെന്നാണ് ആവശ്യം.
പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ കമ്മ്യൂണിറ്റി നേഴ്‌സിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റി മാങ്കുളം ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കിടപ്പ് സമരം സംഘടിപ്പിച്ചു. വിഷയത്തില്‍ പഞ്ചായത്തധികൃതര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും പദ്ധതി താളം തെറ്റിയതോടെ രോഗികള്‍ ദുരിതത്തിലായെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കിടപ്പ് സമരവുമായി കോണ്‍ഗ്രസ്
പ്രതിഷേധ പരിപാടി ഡി സി സി അംഗം പി ജെ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു കുന്നേല്‍ അധ്യക്ഷത വഹിച്ചു. ബിജു ജോര്‍ജ്ജ്, ജാന്‍സി ബിജു, അരുണ്‍ ജോര്‍ജ്ജ്, ലിബിന്‍ ബാബു, ജോയി മണിമല തുടങ്ങിയവര്‍ സംബന്ധിച്ചു.പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ സമരവുമായി രംഗത്ത് വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.