KeralaLatest NewsLocal news

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തത്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്. ന​ഗരത്തിലെ പ്രധാന ഡ്ര​ഗ് ഡീലറായ സജീറിനെ പരിചയമുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്. സജീറുമായി 20000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ​ഗുണ്ടകളാണെന്ന് തെറ്റി​ദ്ധരിച്ചാണ് താൻ ഓടിയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിനാണ് പേടിയെന്ന് ചോദിച്ചപ്പോൾ, തനിക്ക് സിനിമാ മേഖലയിൽ ശത്രുക്കൾ ഉണ്ടെന്നും അവർ‌ ആരൊക്കെയെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി. മൂന്ന് ഫോണുകൾ ഉപയോ​ഗിക്കുന്ന ഷൈൻ ഒരു ഫോൺ മാത്രമാണ് പൊലീസിന് മുന്നിൽ ഹാജരാക്കിയത്. മറ്റ് ഫോണുകൾ എടുക്കാൻ മറന്നുപോയെന്നാണ് നടൻ പറഞ്ഞത്.

എന്നാൽ ഇതുൾപ്പെടെയുള്ള മൊഴി വിശ്വാസയോ​ഗ്യമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ. നടന്റെ ഫോൺ കോളുകളും പണമിടപാടുകളും ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊക്കെയ്ൻ കേസിൽ ഷൈനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!