ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക് അടിമാലിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണം

അടിമാലി: കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക് അടിമാലിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണമൊരുക്കി. കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് ഇത്തവണ ഹൈറേഞ്ച് മേഖലയില്‍ നിന്നും നാല്‍പ്പത്തിരണ്ടാമത്തെ കാല്‍നട തീര്‍ത്ഥയാത്രയാണ് നടക്കുന്നത്.
കഴിഞ്ഞ മാസം 30ന് കോവില്‍ക്കടവ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നിന്നും നെടുങ്കണ്ടം സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ നിന്നും കാല്‍നട തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചിരുന്നു. ഈ മാസം ഒന്നിന് ശാന്തമ്പാറ, തൊട്ടിക്കാനം, മുരിക്കുംതൊട്ടി, മാങ്ങാത്തൊട്ടി, രാജകുമാരി, രാജാക്കാട്, പണിക്കന്‍കുടി, തോപ്രാംകുടി, വെള്ളത്തൂവല്‍, മാങ്കുളം, ബൈസണ്‍വാലി മേഖലകളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും തീര്‍ത്ഥയാത്രകള്‍ പുറപ്പെട്ടു. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥയാത്രകളാണ് അടിമാലിയില്‍ സംഗമിച്ചത്.കാല്‍നട തീര്‍ത്ഥയാത്രക്ക് അടിമാലിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണമൊരുക്കി.
വിശ്രമത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ അടിമാലി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും തീര്‍ത്ഥയാത്ര കോതമംഗലത്തെ ബാവായുടെ കബറിങ്കലേക്ക് പുറപ്പെട്ടു. അടിമാലിക്ക് പുറമെ വിവിധ മേഖലകളില്‍ നിന്നും പുറപ്പെടുന്ന തീര്‍ത്ഥയാത്രകള്‍ കുത്തുകുഴി മാരമംഗലം സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മോര്‍ ബസേലിയോസ് കുരിശുംതൊട്ടിയില്‍ ധൂപപ്രാര്‍ത്ഥനയില്‍ പങ്ക് ചേരും. തുടര്‍ന്ന് ഹൈറേഞ്ചില്‍ നിന്നുള്ള നാല്‍പ്പത്തിരണ്ടാമത് തീര്‍ത്ഥയാത്രയുടെ സ്മരണാര്‍ത്ഥം 42 പതാകകള്‍ വഹിച്ചുകൊണ്ടുള്ള പതാക പ്രയാണം നടക്കും.
യാത്രക്ക് കോഴിപ്പിള്ളി കവലയില്‍ സ്വീകരണം നല്‍കും. വൈകിട്ടഞ്ചോടെ തീര്‍ത്ഥയാത്ര കബറിങ്കലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടര്‍പ്പിച്ച് പിരിയും. അടിമാലിയില്‍ കാല്‍നടതീര്‍ത്ഥയാത്രയുടെ സ്വീകരണശേഷം പാലക്കാടന്‍ പി വി വറുഗീസ് വൈദ്യന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. വിവിധ പുരോഹിതര്‍ ചടങ്ങില്‍ പങ്കെടുത്തു.